top of page

സുവിശേഷങ്ങൾ എഴുതപ്പെട്ടത് എന്ന്? യേശുവിൻറെ കാലം കഴിഞ്ഞ് നൂറ്റാണ്ടുകൾക്ക് ശേഷമോ? Dating the Gospels

Updated: May 30, 2023



സുവിശേഷങ്ങൾ എഴുതപ്പെട്ടത് എന്ന് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുക പ്രയാസമാണ്. കാരണം അവ എഴുതപ്പെട്ടത് രണ്ടായിരം വർഷങ്ങൾക്കപ്പുറമാണ്. അവയൊന്നും തന്നെ എഴുതപെട്ട തിയതിയോടുകൂടിയല്ല വരുന്നതും. എന്നാൽ തന്നെയും പലവിധ തെളിവുകളുടെ അടിസ്ഥാനത്തിൽ നമുക്ക് ഇവ ഏകദേശം ഏത് കാലയളവിലാണ് എഴുതപ്പെട്ടതെന്ന് കണ്ടുപിടിക്കാൻ സാധിക്കും. ഈ ചോദ്യത്തിന് എന്താണിത്ര പ്രസക്തി എന്ന് ചിലർക്ക് തോന്നുന്നുണ്ടാവും. ചരിത്ര രേഖകളുടെ വിശ്വാസ്യതയിലേക്ക് വരുമ്പോൾ പരാമർശിക്കപ്പെടുന്ന സംഭവങ്ങൾക്ക് ശേഷം അധികം കഴിയും മുൻപ് എഴുതപ്പെടുന്ന രേഖകൾക്ക് സ്വാഭാവികമായും വിശ്വാസ്യത കൂടുതലായിരിക്കും. കാലം മുന്നോട്ട് പോകും തോറും ആളുകൾ പറഞ്ഞു പറഞ്ഞു പല കാര്യങ്ങൾ കൂട്ടിച്ചേർക്കപ്പെടുകയോ പലതും മാറ്റപ്പെടുകയോ ഒക്കെ ചെയ്‌തെന്ന് വരാം. ദൃസ്സാക്ഷിവിവരണങ്ങളാണ് സുവിശേഷങ്ങളിൽ ഉള്ളതെങ്കിൽ കുറഞ്ഞ പക്ഷം ദൃസ്സാക്ഷികളുടെ ജീവിതകാലത്ത് എഴുതപ്പെട്ടവയായിരിക്കണം ഇവ. അങ്ങനെയെങ്കിൽ ഏത് കാലയളവിലാണ് സുവിശേഷങ്ങൾ എഴുതപ്പെട്ടത് എന്ന് വിദഗ്‌ധർ പറയുന്നത്?




കേരളത്തിലെ നാസ്തിക നേതാവ് സി രവിചന്ദ്രൻറെ വാക്കുകൾ പ്രകാരം (സുവിശേഷ വിശേഷം), പണ്ഡിതന്മാരുടെ ഇടയിലുള്ള പൊതു അഭിപ്രായം യേശുവിൻറെ മരണത്തിന് മുപ്പത് മുതൽ നൂറ്റിയിരുപത് വർഷങ്ങൾ വരെയുള്ള കാലയളവിലാണ് സുവിശേഷങ്ങൾ എഴുതപ്പെട്ടത് എന്നാണ്. ഇവിടെ റഫറൻസോ ഒന്നും നമുക്ക് നൽകുന്നില്ല. അതുകൊണ്ട് ഏത് പണ്ഡിതന്മാരാണ് ഇങ്ങനെ പറഞ്ഞതെന്ന് നമുക്ക് പരിശോധിക്കാൻ പറ്റില്ല. എന്നാൽ പിന്നെ കുറച്ച് വിവരമുള്ള ഒരു നാസ്തിക ബൈബിൾ പണ്ഡിതൻറെ അഭിപ്രായം നമുക്ക് നോക്കാം. ബാർട് എർമാൻ. യേശുക്രിസ്തു എന്ന വ്യക്തി ജീവിച്ചിരുന്നില്ല എന്ന് പറയുന്നവർ സ്വയം മണ്ടൻമാരാകുന്നു എന്ന് പറഞ്ഞത്കൊണ്ട് കേരളത്തിലെ നാസ്തികർക്ക് വല്യ താൽപര്യമില്ലാത്ത ഒരു വ്യക്തിയാണ് ഇദ്ദേഹം. അത് എന്തെങ്കിലുമാകട്ടെ, സുവിശേഷങ്ങൾ എഴുതപെട്ട കാലയളവിനെ പറ്റി ഇദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:



“യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള അതിജീവിക്കുന്ന ആദ്യത്തെ വിവരണം അദ്ദേഹത്തിന്റെ മരണത്തിന് മുപ്പത്തിയഞ്ചോ നാൽപ്പതോ വർഷങ്ങൾക്ക് ശേഷമാണ് എഴുതിയത്. നമ്മുടെ അവസാന കാനോനിക സുവിശേഷം എഴുതിയത് അദ്ദേഹത്തിന്റെ മരണത്തിന് അറുപതും അറുപത്തിയഞ്ചും വർഷങ്ങൾക്ക് ശേഷമാണ്. അത് വ്യക്തമായും ധാരാളം സമയമാണ്.”

How Jesus Became God, pp 90


അവസാന സുവിശേഷത്തിൻറെ എഴുതപ്പെട്ട കാലയളവ് രവിചന്ദ്രനിൽ പറഞ്ഞതിൽ നിന്നും പകുതിയോളം ആയി ചുരുങ്ങിയത് ശ്രദ്ധിക്കുക. എന്നിരുന്നാലും മുപ്പത്തിയഞ്ചു മുതൽ അറുപത്തിയഞ്ചു വരെയുള്ള കാലയളവ് തന്നെ കൂടുതലാണെന്ന് ബാർട് എർമാൻ അവകാശപ്പെടുന്നു. യോഹന്നാൻറെ സുവിശേഷം എഴുതപ്പെട്ട കാലയളവിനെക്കുറിച്ച് വല്യ അഭിപ്രായവ്യത്യാസം ഒന്നും ഇല്ലാത്തതിനാൽ (AD 90 - 95) ഈ ലേഖനത്തിൽ ഞാൻ ആദ്യത്തെ മൂന്ന് സുവിശേഷങ്ങളുടെ എഴുതപ്പെട്ട കാലയളവിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.


ബാഹ്യ തെളിവുകൾ:

ആദിമ നൂറ്റാണ്ടുകളിലെ ക്രൈസ്തവരുടെ മറ്റ് എഴുത്തുകളിൽനിന്നാണ് നമുക്ക് ബാഹ്യ തെളിവുകൾ ലഭിക്കുക. അതായത് കാലയളവ് മനസിലാക്കാൻ പറ്റുന്ന മറ്റ് പുരാതന എഴുത്തുകളിൽ നാല് കാനോനിക സുവിശേഷങ്ങൾ പരാമർശിക്കപ്പെടുന്നുണ്ടെങ്കിൽ അവ അതിന് മുന്നേ എഴുതപ്പെട്ടവയായിരിക്കണമല്ലോ.


പാപ്പിയസ്:

അങ്ങനെ നോക്കുമ്പോൾ, യോഹന്നാൻറെ ശിഷ്യനായിരുന്ന പാപ്പിയസിന് മർക്കോസിന്റെയും മത്തായിയുടെയും സുവിശേഷങ്ങളെപ്പറ്റി അറിവുണ്ടായിരുന്നു എന്ന് യൂസേബിയൂസിന്റെ എഴുത്തുകളിൽ നിന്ന് നമുക്ക് മനസിലാക്കാവുന്നതാണ്. Cf. Eusebius, Hist. eccl . 3.39.15–16


അന്ത്യോക്യയിലെ ഇഗ്നേഷ്യസ്:


എഫെസ്യർക്കെഴുതിയ തൻറെ കത്തിൽ 19:2-3 ൽ, രണ്ടാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ അന്ത്യോക്യയിലെ മെത്രാനായിരുന്ന ഇഗ്നേഷ്യസ് മത്തായി 2:1-12 ൽ പറയുന്ന ബെത്‌ലഹേമിലെ നക്ഷത്രത്തെ പരാമർശിക്കുന്നു.

“അങ്ങനെയെങ്കിൽ, അവൻ (യേശു) എങ്ങനെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കപ്പെട്ടു? മറ്റെല്ലാ നക്ഷത്രങ്ങളെക്കാളും ഒരു നക്ഷത്രം ആകാശത്തിൽ തിളങ്ങി, അതിന്റെ പ്രകാശം വിവരണാതീതമായിരുന്നു, അതേസമയം അതിന്റെ പുതുമ മനുഷ്യരെ വിസ്മയിപ്പിച്ചു.”


സ്മിർണക്കാർക്ക് എഴുതിയ കത്തിൽ 1:1 ൽ മത്തായി 3:15 പരാമർശിക്കപ്പെടുന്നു.

എല്ലാ നീതിയും അവനാൽ നിറവേറപ്പെടേണ്ടതിന് അവൻ യഥാർത്ഥത്തിൽ കന്യകയിൽ നിന്ന് ജനിച്ചു, യോഹന്നാനാൽ സ്നാനം ഏറ്റു.


പോളികാർപ്പിന് എഴുതിയ കത്തിൽ 2:2 ൽ, മത്തായി 10:16 ൽ നിന്ന് ഉദ്ധരിക്കുന്നു:

എല്ലാ കാര്യങ്ങളിലും സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍.


പാപ്പിയസും ഇഗ്നേഷ്യസും റോമൻ ഭരണാധികാരിയായ ട്രാജൻറെ ഭരണകാലത്താണ് ജീവിച്ചിരുന്നത്. (98-117 AD). അങ്ങനെയെങ്കിൽ മർക്കോസിന്റെയും മത്തായിയുടെയും സുവിശേഷങ്ങൾ എഴുതപ്പെട്ടത് AD 120ന് മുന്നേ ആയിരിക്കണം.


ലൂക്കായുടെ സുവിശേഷത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് AD 150 കാലഘട്ടം വരെ എങ്കിലും അന്വേഷിക്കേണ്ടവരുമെന്ന് സൂക്ഷ്‌മമായ പഠനത്തിന് ശേഷം Reception of Luke and Acts എന്ന തൻറെ പുസ്തകത്തിൽ ആൻഡ്രൂ ഗ്രിഗറി അഭിപ്രായപ്പെടുന്നു.


അങ്ങനെയെങ്കിൽ യേശു മരിച്ച വർഷം AD 33 സുവിശേഷങ്ങൾ എഴുതാനുള്ള ഏറ്റവും കുറഞ്ഞ വർഷമായി പരിഗണിച്ചാൽ ബാഹ്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ആദ്യ മൂന്ന് സുവിശേഷങ്ങൾ എഴുതപെട്ട കാലയളവിൻറെ സാധ്യത:

മത്തായി,മർക്കോസ് - (AD 33 - AD 120)

ലുക്കാ (AD 33 - AD 150)


സുവിശേഷങ്ങൾക്കുള്ളിലെ തെളിവുകൾ:

ജെറുസലേം ദേവാലയത്തിൻറെ തകർച്ച:


ഒന്നാം നൂറ്റാണ്ടിലെ ഇസ്രായേൽക്കാരെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് AD 70ലെ ജെറുസലേം ദേവാലയത്തിൻറെ തകർച്ച. ഈ സംഭവത്തെക്കുറിച്ചു യേശു പ്രവചിക്കുന്നതായി ഈ മൂന്ന് സുവിശേഷങ്ങളും പ്രതിപാദിക്കുന്നുണ്ട്.


യേശു ദേവാലയം വിട്ടുപോകുമ്പോള്‍ ദേവാലയത്തിന്റെ പണികള്‍ അവനു കാണിച്ചുകൊടുക്കാന്‍ ശിഷ്യന്‍മാര്‍ അടുത്തെത്തി.

അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ഇതെല്ലാം കാണുന്നല്ലോ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇവിടെ കല്ലിന്‍മേല്‍ കല്ലുശേഷിക്കാതെ എല്ലാം തകര്‍ക്കപ്പെടും.

മത്തായി 24: 1-2


യേശു ദേവാലയത്തില്‍നിന്നു പുറത്തുവന്നപ്പോള്‍, ശിഷ്യന്‍മാരില്‍ ഒരുവന്‍ പറഞ്ഞു: ഗുരോ, നോക്കൂ, എത്ര വലിയ കല്ലുകള്‍! എത്ര വിസ്‌മയകരമായ സൗധങ്ങള്‍!

അവന്‍ പറഞ്ഞു: ഈ മഹാസൗധങ്ങള്‍ നിങ്ങള്‍ കാണുന്നില്ലേ? എന്നാല്‍ ഇവയെല്ലാം കല്ലിന്‍മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടും.

മര്‍ക്കോസ്‌ 13:1-2


അവന്‍ അടുത്തുവന്ന്‌ പട്ടണം കണ്ടപ്പോള്‍ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ടു പറഞ്ഞു:

സമാധാനത്തിനുള്ള മാര്‍ഗങ്ങള്‍ ഈ ദിവസത്തിലെങ്കിലും നീ അറിഞ്ഞിരുന്നെങ്കില്‍! എന്നാല്‍, അവ ഇപ്പോള്‍ നിന്റെ ദൃഷ്‌ടിയില്‍നിന്നു മറയ്‌ക്കപ്പെട്ടിരിക്കുന്നു.

ശത്രുക്കള്‍ നിനക്കു ചുറ്റും പാളയമടിച്ചു നിന്നെ വളയുകയും, എല്ലാ ഭാഗത്തുംനിന്നു നിന്നെ ഞെരുക്കുകയും ചെയ്യുന്ന ദിവസങ്ങള്‍ വരും.

നിന്നെയും നിന്റെ മക്കളെയും നശിപ്പിക്കുകയും നിന്നില്‍ കല്ലിന്‍മേല്‍ കല്ലു ശേഷിപ്പിക്കാതിരിക്കുകയും ചെയ്യും. എന്തെന്നാല്‍, നിന്റെ സന്‌ദര്‍ശനദിനം നീ അറിഞ്ഞില്ല.

ലൂക്കാ 19:41-44


ജറുസലെമിനുചുറ്റും സൈന്യം താവളമടിച്ചിരിക്കുന്നതു കാണുമ്പോള്‍ അതിന്റെ നാശം അടുത്തിരിക്കുന്നു എന്ന്‌ അറിഞ്ഞുകൊള്ളുവിന്‍.

ലൂക്കാ 21:20


ഈ കാരണത്താലാണ് പ്രധാനമായും പണ്ഡിതന്മാർ ഈ സുവിശേഷങ്ങളെല്ലാം AD 70ന് ശേഷമാണ് എഴുതപ്പെട്ടത് എന്ന് പറയുന്നത്. പണ്ഡിതന്മാർ ഇതിനെ 'vaticinium ex eventu' എന്ന് വിളിക്കുന്നു. പ്രവചനം പ്രവചിക്കപ്പെട്ട സംഭവങ്ങൾക്ക് ശേഷം എഴുതിയതായിരിക്കുമ്പോൾ, സംഭവത്തിന് മുമ്പ് പ്രവചനം നടന്നതായി തോന്നുന്ന തരത്തിലാണ് വാചകം എഴുതിയിരിക്കുന്നത് എന്നാണ് ഇതിനർത്ഥം.


സാധാരണ ഒരു പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഏറ്റവും വൈകി നടന്ന സംഭവത്തിൻറെ തിയതി വെച്ചാണ് ആ പുസ്തകം എഴുതിയ കാലഘട്ടം തീരുമാനിക്കുന്നത്. എന്നാൽ ഇവിടെ നമ്മൾ പറഞ്ഞ സംഭവത്തിൽ യേശുവിന് ഭാവി പ്രവചിക്കാൻ പറ്റില്ല എന്ന മുൻ ധാരണ ഉണ്ടെങ്കിൽ മാത്രമേ സുവിശേഷങ്ങൾ AD 70ന് ശേഷമാണ് എഴുതപ്പെട്ടതെന്ന് പറയാൻ പറ്റുള്ളൂ. സുവിശേഷങ്ങൾ പറയുന്ന കാര്യങ്ങൾ സത്യമാണോ എന്ന് അറിയാൻ നടത്തുന്ന ഇത്തരം ശ്രമങ്ങളിൽ യേശുക്രിസ്തുവിന് അത്ഭുതങ്ങൾ ചെയ്യാനോ ഭാവി പ്രവചിക്കാമോ കഴിവില്ല എന്ന മുൻധാരണയോടുകൂടെ അന്വേഷണം നടത്തുന്നത് യുക്തിരഹിതമാണ്.


ദേവാലയം തകർക്കപെടുന്നതിനെപ്പറ്റി യേശു നൽകുന്ന വിവരണങ്ങൾ AD 70ന് ശേഷം മാത്രം ആളുകൾക്ക് ചിന്തിക്കാൻ പറ്റുന്ന ഒരു കാര്യമാണോ? ഇങ്ങനൊന്നും ഇതിന് മുന്നേ സംഭവിച്ചിട്ടില്ലേ? ഇസ്രായേലിന്റെ ചരിത്രത്തെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ, യേശുവിന്റെ ജനനത്തിന് അഞ്ഞൂറിലധികം വർഷങ്ങൾക്ക് മുമ്പ് ബിസി 586-ൽ ദേവാലയവും ജറുസലേം നഗരവും നശിപ്പിക്കപ്പെട്ടുവെന്ന് നിങ്ങൾക്കറിയാണ് സാധിക്കും. ബാബിലോണിയൻ സാമ്രാജ്യം ദേവാലയം ആദ്യമായി നശിപ്പിച്ചത് രാജാക്കന്മാരുടെ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു:


ബാബിലോണ്‍രാജാവായ നബുക്കദ്‌ നേസറിന്റെ പത്തൊന്‍പതാം ഭരണവര്‍ഷം അഞ്ചാംമാസം ഏഴാംദിവസം അവന്റെ അംഗരക്‌ഷകന്‍മാരുടെ നായകനായ ദാസന്‍ നബുസരദാന്‍ ജറുസലെമില്‍ വന്നു.

അവിടെ കര്‍ത്താവിന്റെ ആലയവും രാജകൊട്ടാരവും ജറുസലെമിലെ വീടുകളും അഗ്‌നിക്കിരയാക്കി; മാളികകള്‍ കത്തിചാമ്പലായി.

അവനോടുകൂടെ ഉണ്ടായിരുന്ന കല്‍ദായ സൈന്യം ജറുസലെമിനു ചുറ്റുമുള്ള കോട്ട തകര്‍ത്തു.

2 രാജാക്കന്‍മാര്‍ 25 : 8-10


ജെറുസലേം ദേവാലയം കത്തിച്ചതും നഗരമതിൽ തകർത്തതും പോലുള്ള കൃത്യമായ വിശദാംശങ്ങൾ ശ്രദ്ധിക്കുക, ഈ വിവരങ്ങൾ AD 70 ന് ശേഷം മാത്രമേ വിവരിക്കാൻ കഴിയൂള്ളോ?. അവ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതുപോലെ! ബ്രിട്ടീഷ് പുതിയ നിയമ പണ്ഡിതൻ സി.എച്ച്. ഡോഡ് വളരെക്കാലം മുമ്പ് സൂചിപ്പിച്ചതുപോലെ:

പഴയനിയമത്തിൽ നിന്ന് നേരിട്ട് രേഖപ്പെടുത്താൻ കഴിയാത്ത ഒരു വിവരവും യേശുവിൻറെ പ്രവചനത്തിലില്ല.

C. H. Dodd, “The Fall of Jerusalem and the ‘Abomination of Desolation’ ”


അങ്ങനെയെങ്കിൽ ദേവാലയം തകർക്കപ്പെട്ടാൽ എന്തൊക്കെയാണ് സംഭവിക്കുക എന്ന് മനസിലാക്കാൻ AD 70 വരെ കാത്തിരിക്കണമെന്നില്ല.


ഇനിയിപ്പോ ഈ സുവിശേഷങ്ങൾ AD 70ന് ശേഷമാണ് എഴുതപ്പെട്ടതെങ്കിൽ മറ്റു ചില പ്രശ്നങ്ങളുമുണ്ട്. ജെറുസലേം ദേവാലയത്തിൽ "വിനാശത്തിന്റെ അശുദ്‌ധലക്‌ഷണം"- ദേവാലയത്തിന്റെ നാശവുമായി ബന്ധപ്പെട്ട പഴയനിയമ പദപ്രയോഗം (ദാനിയേൽ 9:24-27 കാണുക) സംഭവിക്കുമ്പോൾ എന്തുചെയ്യണമെന്നതിനെക്കുറിച്ചുള്ള യേശുവിന്റെ മുന്നറിയിപ്പുകൾ താരതമ്യം ചെയ്യുക:


വിനാശത്തിന്റെ അശുദ്‌ധലക്‌ഷണം നില്‍ക്കരുതാത്തിടത്തു നില്‍ക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്ര ഹിച്ചുകൊള്ളട്ടെ -യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്കു പലായനം ചെയ്യട്ടെ…ഇതു ശീതകാലത്തു സംഭവിക്കാതിരിക്കാന്‍ പ്രാര്‍ഥിക്കുവിന്‍.

മര്‍ക്കോസ്‌ 13 : 14, 18


ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ച വിനാശത്തിന്റെ അശുദ്‌ധലക്‌ഷണം വിശുദ്‌ധ സ്‌ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ - യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്കു പലായനം ചെയ്യട്ടെ… നിങ്ങളുടെ പലായനം ശീതകാലത്തോ സാബത്തിലോ ആകാതിരിക്കാന്‍ പ്രാര്‍ഥിക്കുവിന്‍.

മത്തായി 24:15, 16, 20


അപ്പോള്‍, യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്കു പലായനം ചെയ്യട്ടെ. പട്ടണത്തിലുള്ളവര്‍ അവിടം വിട്ടുപോകട്ടെ. ഗ്രാമങ്ങളിലുള്ളവര്‍ പട്ടണത്തില്‍ പ്രവേശിക്കാതിരിക്കട്ടെ.

ലൂക്കാ 21: 21


ഈ വാക്യങ്ങളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കുക.

വേനൽകാലമായ എഡി 70-ലെ ജൂലൈ അവസാനമോ ആഗസ്ത് ആദ്യമോ ആണ് റോമാക്കാർ ഈ ദേവാലയം നശിപ്പിച്ചത് (Mishnah, Taanith 4:6). അങ്ങനെയെങ്കിൽ ആലയത്തിന്റെ നശീകരണം "ശീതകാലത്ത്" (മർക്കോസ് 13:18) സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കാൻ മർക്കോസ് തന്റെ വായനക്കാരെ ഉദ്ബോധിപ്പിക്കേണ്ട കാര്യമെന്താണ്? ജെറുസലേം പട്ടണം ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ "പട്ടണത്തിൽ പ്രവേശിക്കരുത്" (ലൂക്കാ 21:21) എന്ന് ലൂക്കാ തന്റെ പ്രേക്ഷകർക്ക് ഒരു മുന്നറിയിപ്പ് ചേർക്കുന്നത് എന്തുകൊണ്ട്? അവസാനമായി, മത്തായിയുടെ സുവിശേഷം യഥാർത്ഥത്തിൽ മർക്കോസിന്റെ സുവിശേഷത്തേക്കാൾ ഒരു ദശാബ്ദത്തിനുശേഷമാണ് പ്രത്യക്ഷപ്പെട്ടതെങ്കിൽ, ദേവാലയ നശീകരണം ശൈത്യകാലത്ത് "അല്ലെങ്കിൽ ഒരു സാബത്തിലോ" (മത്തായി 24:20) സംഭവിക്കരുതെന്ന് പ്രാർത്ഥിക്കാൻ മത്തായി തന്റെ സദസ്സിനോട് ചേർക്കുന്നത് എന്തുകൊണ്ട്?


ഈ സംഭവങ്ങൾ നടക്കുന്നതിന് മുന്നേ എഴുതപ്പെട്ടവയായിരിക്കണം ഇവ എന്നാണ് ഈ തെളിവുകളെല്ലാം ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെയെങ്കിൽ സുവിശേഷങ്ങൾ എഴുതപ്പെട്ട കാലയളവിൻറെ സാധ്യത ഇനിയും നമുക്ക് ചുരുക്കാം:

മത്തായി,മർക്കോസ്, ലൂക്കാ - (AD 33 - AD 70)


ലൂക്കാ എഴുതിയ അപ്പസ്തോല പ്രവർത്തനങ്ങൾ:


ലൂക്കാ ആയിരുന്നു സഭയുടെ ആദ്യത്തെ ചരിത്രകാരൻ. തൻറെ സ്വന്തം സുവിശേഷത്തിന്റെ തുടർച്ചയാണ് അപ്പസ്തോല പ്രവർത്തനങ്ങൾ, ദൃക്‌സാക്ഷികളെ അഭിമുഖം നടത്താൻ താൻ ശ്രദ്ധിച്ചിരുന്നുവെന്ന് നമ്മളെ ഓർമിപ്പിക്കുന്ന അദ്ദേഹം (ലൂക്കാ 1:1-4), ആദിമ സഭയുടെ ജീവിതത്തെക്കുറിച്ചും (കഠിനമായ) കാലങ്ങളെക്കുറിച്ചും നിരവധി വിശദാംശങ്ങൾ ഉണ്ട്. രക്തസാക്ഷിയായ സ്‌റ്റെഫാനോസിന്റെയും, സെബദിയുടെ പുത്രനായ യാക്കോബിൻറെയും ഒക്കെ മരണത്തെക്കുറിച്ചു എഴുതുന്ന ലൂക്കാ, അപ്പ. പ്രവർത്തനങ്ങളിൽ തുടക്കം മുതൽക്കേ പ്രാധാന്യം നൽകിയ, സുവിശേഷങ്ങളിൽ അപ്പസ്തോല പ്രധാനിയായ പത്രോസിൻറെ മരണത്തെക്കുറിച്ചു (64 - 67 AD from Eusebius, Historia Ecclesiastica) ഒരക്ഷരം മിണ്ടുന്നില്ല.


അതിലും അത്ഭുതകരം എന്താണെന്ന് വെച്ചാൽ, അപ്പ. പ്രവർത്തനങ്ങളുടെ അവസാന 8 അധ്യായങ്ങളിൽ ഉടനീളം ലൂക്കാ പൗലോസിൻറെ വിചാരണയുടെ പുരോഗതിയെപ്പറ്റി വിവരിച്ചുകൊണ്ട് അവസാനം പൗലോസിൻറെ വധശിക്ഷയെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. AD 62 ൽ റോമിൽ പൗലോസ് വീട്ടുതടങ്കലിൽ ആകുന്നത് പരാമർശിച്ച് ലൂക്കാ അപ്പ. പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു.


ലൂക്കാ പൗലൊസിൻറെയും പത്രോസിന്റെയും മരണത്തെപ്പറ്റി എഴുതി പക്ഷെ അത് നഷ്ടപ്പെട്ടു, അല്ലെങ്കിൽ അപ്പ. പ്രവർത്തനങ്ങൾ എഴുതിത്തീർക്കാൻ പറ്റിയില്ല എന്നൊക്കെ വാദിക്കാമെങ്കിലും ഈ തെളിവുകളുടെ ഏറ്റവും ലളിതമായ വ്യാഖ്യാനം ലൂക്കാ AD 62-ലാണ് അപ്പ. പ്രവർത്തനങ്ങൾ എഴുതി അവസാനിപ്പിച്ചത് എന്നാണ്. അങ്ങനെയെങ്കിൽ അപ്പ. പ്രവർത്തനങ്ങൾ എഴുതിയതിന് മുന്നേ എഴുതപ്പെട്ട ലൂക്കായുടെ സുവിശേഷം AD 62 ന് മുന്നേ ആയിരിക്കണം എഴുതപ്പെട്ടത്.


“അല്ലയോ തെയോഫിലോസ്‌, യേശു, താന്‍ തെരഞ്ഞെടുത്ത അപ്പസ്‌തോലന്‍മാര്‍ക്ക്‌ പരിശുദ്‌ധാത്‌മാവുവഴി കല്‍പന നല്‍കിയതിനുശേഷം സ്വര്‍ഗത്തിലേക്ക്‌ സംവഹിക്കപ്പെട്ട ദിവസംവരെ, പ്രവര്‍ത്തിക്കുകയും പഠിപ്പിക്കുകയും ചെയ്‌ത എല്ലാകാര്യങ്ങളെയുംകുറിച്ച്‌ ആദ്യഗ്രന്‌ഥത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ടല്ലോ.”

അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 1


അങ്ങനെയെങ്കിൽ ലൂക്കായുടെ സുവിശേഷം എഴുതപ്പെട്ട കാലയളവിന്റെ സാധ്യത ഇനിയും ചുരുങ്ങും:

ലുക്കാ (AD 33 - AD 62)


ഉപസംഹാരം

ക്രിസ്തുമതത്തിന്റെ ആരംഭം മുതൽ തന്നെ ചർച്ച ചെയ്യപ്പെട്ട ഏതെങ്കിലും വിഷയമുണ്ടെങ്കിൽ, അത് മത്തായിയുടെയും മർക്കോസിന്റെയും ലൂക്കായുടെയും സുവിശേഷങ്ങൾ എഴുതിയ ക്രമത്തെക്കുറിച്ചുള്ള ചോദ്യമാണ്. ആദിമ സഭാപിതാക്കന്മാർ സുവിശേഷങ്ങൾ എഴുതിയത് ആരെന്ന കാര്യത്തിൽ ഏകകണ്ഠമായിരുന്നുവെങ്കിലും, സുവിശേഷങ്ങൾ എഴുതിയ ക്രമത്തിൽ അവർ യോജിച്ചില്ല. ആധുനിക കാലത്ത്, സുവിശേഷങ്ങളുടെ ക്രമത്തെക്കുറിച്ചുള്ള സംവാദം വളരെ സങ്കീർണ്ണമായിരിക്കുന്നു, അത് ഇപ്പോൾ "Synoptic problem" എന്ന് വിളിക്കപ്പെടുന്നു. അതിനെ മനസിലാക്കാൻ പല പരിഹാരങ്ങളും പലർ മുന്നോട്ട് വെച്ചിട്ടുണ്ട്.



എന്നാൽ ഇതിൽ ഏത് സ്വീകരിച്ചാലും ലൂക്കായുടെ സുവിശേഷം ഒന്നെങ്കിൽ രണ്ടാമതോ മൂന്നാമതോ എഴുതപ്പെട്ടതാണ് എന്ന് മനസിലാകും. ലൂക്കാ 1:1 സൂചിപ്പിക്കുന്നതും അത് തന്നെയാണ്.


നമ്മുടെ ഇടയില്‍ നിറവേറിയ കാര്യങ്ങളുടെ വിവരണം എഴുതാന്‍ അനേകം പേര്‍ പരിശ്രമിച്ചിട്ടുണ്ടല്ലോ.

അല്ലയോ, ശ്രേഷ്‌ഠനായ തെയോഫിലോസ്‌, എല്ലാകാര്യങ്ങളും പ്രാരംഭം മുതല്‍ക്കേ സൂക്‌ഷ്‌മമായി പരിശോധിച്ചതിനുശേഷം എല്ലാം ക്രമമായി നിനക്കെഴുതുന്നത്‌ ഉചിതമാണെന്ന്‌ എനിക്കും തോന്നി.

ലൂക്കാ 1:1-3


അങ്ങനെയെങ്കിൽ മത്തായിയുടെ സുവിശേഷമോ, മർക്കോസിന്റെ സുവിശേഷമോ അവ രണ്ടുമോ ലൂക്കായുടെ സുവിശേഷത്തിന് മുന്നേ എഴുതപ്പെട്ടവയായിരിക്കണം.

സുവിശേഷങ്ങൾ എഴുതപ്പെട്ട കാലയളവിൻറെ സാധ്യത വീണ്ടും ചുരുങ്ങുന്നു:

മത്തായി,മർക്കോസ്, ലൂക്കാ - (AD 33 - AD 62)


അതായത് യേശുവിൻറെ മരണത്തിന് മൂന്ന് ദശാബ്ദങ്ങൾക്കുള്ളിൽ, പ്രമുഖ അപ്പസ്തോലന്മാരും ആദിമ ദൃസ്സാക്ഷികളുമൊക്കെ ജീവനോടെയുള്ള കാലഘട്ടത്തിൽത്തന്നെ യേശുവിൻറെ ജീവിതത്തെക്കുറിച്ചു വിവരിക്കുന്ന മൂന്ന് രേഖകൾ നിലവിൽ വന്ന് കഴിഞ്ഞു. സുവിശേഷങ്ങൾ വിശ്വാസയോഗ്യമാണെന്നും ചരിത്ര സത്യങ്ങളാണെന്നും സ്ഥാപിക്കുന്നതിൽ വളരെ പ്രാധാന്യമർഹിക്കുന്ന തെളിവാണിത്.


Further reading:

Chapters 1,2: Rethinking the Dates of the New Testament: The Evidence for Early Composition, Jonathan Bernier.

Chapter 7: The Case for Jesus: The Biblical and Historical Evidence for Christ, Brant Pitre.



コメント


Subscribe Form

Thanks for submitting!

©2023 by The Christian Yukthivadi. 

bottom of page