top of page

Are the Gospels Anonymous? സുവിശേഷങ്ങൾ എഴുതിയത് ഇവരൊക്കെ തന്നെയോ? എന്താണ് തെളിവ്?

Updated: May 6, 2023


ക്രിസ്തുമതവിശ്വാസത്തെക്കുറിച്ച് നമുക്ക് വിവരങ്ങൾ ലഭിക്കുന്ന പ്രധാന രേഖകളാണ് സുവിശേഷങ്ങൾ. സുവിശേഷങ്ങളുടെ ചരിത്രപരമായ വിശ്വാസ്യത ക്രിസ്തുമതത്തിന് അത്യന്താപേക്ഷിതമാണ്. യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങളുടെ വിവരണങ്ങൾ എന്ന നിലയിൽ യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള ചരിത്രരേഖകൾ വിശ്വസനീയമല്ലെങ്കിൽ, ക്രിസ്തുമതം സത്യമാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും. സുവിശേഷങ്ങളുടെ ചരിത്രപരമായ വിശ്വാസ്യത സമർത്ഥിക്കുന്നതിൽ ഒരു പ്രധാന ചോദ്യം അവ എഴുതിയത് ആരാണ് എന്നതാണ്. എഴുതപെട്ട കാര്യങ്ങളെക്കുറിച്ച് അറിയാൻ സാധ്യതയുള്ള ആളുകളാണോ ഇവ എഴുതിയത്? അതോ അജ്ഞാതരായ ആളുകളാണോ അവ എഴുതിയത്?

യേശുവിൻറെ അപ്പസ്തോലന്മാരോ അവരുമായി അടുത്ത് ഇടപെട്ടിരുന്ന വ്യക്തികളോ ആയ മത്തായി, മർക്കോസ്, ലൂക്കാ, യോഹന്നാൻ എന്നിവർ നാല് കാനോനിക സുവിശേഷങ്ങൾ എഴുതിയതായി ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. എന്നിരുന്നാലും, ചില വിമർശകർ സുവിശേഷങ്ങൾ യഥാർത്ഥത്തിൽ ഐതിഹ്യ പാരമ്പര്യങ്ങളുടെ ഫലമാണെന്ന് അഭിപ്രായപ്പെടുന്നു.


അവരുടെ വാദങ്ങൾ ഇങ്ങനെയാണ്:

ഒന്നാമതായി, നാല് സുവിശേഷങ്ങളും യഥാർത്ഥത്തിൽ തലക്കെട്ടുകൾ ഇല്ലാതെയും രചയിതാവ് ആരാണെന്ന് പരാമർശിക്കാതെയാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, “... എഴുതിയ സുവിശേഷം” എന്നൊന്നും എഴുതാതെയാണ് സുവിശേഷങ്ങൾ ആദ്യം രചിക്കപ്പെട്ടത്.

രണ്ടാമതായി, ഈ സുവിശേഷങ്ങൾ അജ്ഞാതമായി പ്രസിദ്ധീകരിച്ചുവെന്ന് മാത്രമല്ല, അവയ്ക്ക് തലക്കെട്ടുകൾ ഇടണമെന്ന് ആരും ചിന്തിക്കുന്നതിന് മുമ്പ് ഒരു നൂറ്റാണ്ടോളം അജ്ഞാതമായി അവ പ്രചരിച്ചു.

മൂന്നാമതായി, ശിഷ്യന്മാർ മരണമടഞ്ഞതിനു വളരെയധികം കാലങ്ങൾക്ക് ശേഷം മാത്രമാണ് ആദിമ സഭ സുവിശേഷ കയ്യെഴുത്തുപ്രതികൾക്ക് "വളരെ ആവശ്യമായ ആധികാരികത" നൽകുന്നതിനായി തലക്കെട്ടുകൾ ചേർത്തത്.

നാലാമതായി, സുവിശേഷങ്ങൾ അജ്ഞാതമായതിനാൽ, അവയൊന്നും ദൃക്‌സാക്ഷികളാൽ എഴുതപ്പെട്ടതല്ല.



"സുവിശേഷങ്ങൾ … അജ്ഞാതമായി എഴുതപ്പെട്ടവയാണ്. അപ്പോസ്തലന്മാരും അപ്പോസ്തലന്മാരുടെ സുഹൃത്തുക്കളും അവ എഴുതി എന്നുള്ളത് പിന്നീട് ആരൊക്കെയോ പറഞ്ഞുണ്ടാക്കിയത് മാത്രമാണ്."

—Bart Ehrman, Jesus, Interrupted (2011), pp. 101‐02. (ഭാവാര്‍ത്ഥവിവരണം)



"നാലു സുവിശേഷകർ ആരാണെന്ന് ആർക്കും അറിയില്ല, പക്ഷേ അവർ തീർച്ചയായും ഒരിക്കലും യേശുവിനെ വ്യക്തിപരമായി കണ്ടിട്ടുണ്ടാവില്ല."

Richard Dawkins, The God Delusion (2006)


അജ്ഞാത സുവിശേഷ സിദ്ധാന്തം സത്യമാണെങ്കിൽ സുവിശേഷങ്ങൾ ചരിത്രപരമായി വിശ്വാസയോഗ്യമാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. മത്തായി, മർക്കോസ്, ലൂക്കാ, യോഹന്നാൻ എന്നിവർ തന്നെയാണ് നാല് സുവിശേഷങ്ങൾ എഴുതിയതെന്ന് വിശ്വസിക്കാനുള്ള ശക്തമായ 4 കാരണങ്ങൾ നമുക്ക് പരിശോധിക്കാം.


കാരണം 1: നാല് സുവിശേഷങ്ങളുടെ അജ്ഞാത പകർപ്പുകളൊന്നും ആരും കണ്ടെത്തിയിട്ടില്ല


Papyrus 66, The first page of the papyrus, showing John 1

ആദ്യകാല സുവിശേഷ കൈയെഴുത്തുപ്രതികളെല്ലാം അജ്ഞാതമായിരുന്നുവെന്നാണ് പല പുതിയ നിയമ പണ്ഡിതന്മാർ പറയുന്നത് കേട്ടാൽ നമുക്ക് തോന്നുക. തലക്കെട്ട് ഇല്ലാത്ത അപൂർണ്ണമായ കൈയെഴുത്തുപ്രതികൾ തീർച്ചയായും ഉണ്ട്, പക്ഷേ സാധാരണയായി തലക്കെട്ട് സ്ഥിതി ചെയ്യുന്ന സുവിശേഷത്തിന്റെ ആരംഭഭാഗം ആ കയ്യെഴുത്തു പ്രതികളിൽ നഷ്ടമായത്കൊണ്ട് മാത്രമാണ് അത്. ഉദാഹരണത്തിന്, രണ്ടാം നൂറ്റാണ്ടിലെ കൈയെഴുത്തുപ്രതിയായ P52-ഇൽ യോഹന്നാൻ 18-ൽ നിന്നുള്ള ഏതാനും ചെറിയ വാക്യങ്ങൾ മാത്രമേ അടങ്ങിയിട്ടുള്ളൂ, അതിനാൽ അതിന് തലക്കെട്ടില്ല. എന്നാൽ, ആദ്യഭാഗമുള്ള നമ്മുടെ കൈവശമുള്ള എല്ലാ കൈയെഴുത്തുപ്രതികളിലും, തലക്കെട്ടുകൾ ഉണ്ട്. തലക്കെട്ടുകൾ എഴുതുയിരിക്കുന്നതിൽ അല്പസ്വല്പം വ്യത്യാസമുണ്ടെങ്കിലും, എല്ലാത്തിലും പേരുകൾ മത്തായി, മർക്കോസ്, ലൂക്കാ അല്ലെങ്കിൽ യോഹന്നാൻ എന്ന് തന്നെയാണ്. അതെ, സുവിശേഷങ്ങൾ അജ്ഞാതമാണെന്നുള്ള സിദ്ധാന്തത്തിൻറെ ഏറ്റവും വല്യ പ്രശ്നം ഇത് തന്നെയാണ്: ഈ നാല് സുവിശേഷങ്ങളുടെ ‘അജ്ഞാത’ പകർപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. അങ്ങനൊന്ന് ഇല്ല. ആദ്യ കയ്യെഴുത്തുപ്രതികൾക്ക് തലക്കെട്ടുകൾ ഇല്ലായിരുന്നു എന്നതിന് ചരിത്രപരമായ തെളിവുകളൊന്നുമില്ല. പകരം, പുതിയ നിയമ പണ്ഡിതനായ സൈമൺ ഗാതർകോൾ പ്രകടമാക്കിയതുപോലെ, നമ്മുടെ പക്കലുള്ള പുരാതന കൈയെഴുത്തുപ്രതികൾ പ്രകാരം ഇവരുടെ പേരുകൾ തന്നെയാണ് എല്ലാത്തിലും തലക്കെട്ടായി നല്കപ്പെട്ടിരിക്കുന്നത്.


Simon J. Gathercole, “The Titles of the Gospels in the Earliest New Testament Manuscripts,” Zeitschrift für die Neutestamentliche Wissenschaft 104 (2013): 33–76. (Image of table from Brant Pitre, The Case for Jesus)





കാരണം 2: അജ്ഞാത സുവിശേഷ സിദ്ധാന്തം സത്യമെങ്കിൽ അതൊരു അത്ഭുതം തന്നെ ആയിരിക്കണം

വിമർശകരുടെ അഭിപ്രായത്തിൽ, സുവിശേഷങ്ങൾ റോമൻ സാമ്രാജ്യത്തിൽ നൂറു വർഷത്തോളം പേരുകളില്ലാതെ പ്രചരിച്ചു. നൂറുകണക്കിന് പകർപ്പുകൾ പ്രചരിച്ചതിന് ശേഷം പെട്ടെന്ന്, ഇന്ന് നമുക്ക് അറിയാവുന്ന നാല് തലക്കെട്ടുകൾ നൽകാൻ ആരോ തീരുമാനിച്ചു. എങ്ങനെയോ ഈ കയ്യെഴുത്തു പ്രതികൾ ഇന്ന് നമുക്ക് ലഭിച്ച സ്ഥലങ്ങളായ സിറിയ, ആഫ്രിക്ക, ഫ്രാൻസ്, റോം, ഗ്രീസ്, തുർക്കി എന്നിവിടങ്ങളിൽ ഈ തലക്കെട്ടുകൾ തന്നെ ഉപയോഗിക്കണമെന്ന് എല്ലാവരോടും അറിയിച്ചുകൊണ്ട് എല്ലാ അജ്ഞാത സുവിശേഷങ്ങളും അംഗീകൃത നാല് പേരുകളിലാക്കി മാറ്റാനും അവർക്ക് കഴിഞ്ഞു. എന്ത് നല്ല കഥ. വിമർശകർ പറയുന്ന പോലെ ഒന്നോ രണ്ടോ നൂറ്റാണ്ടുകൾക്ക് ശേഷം ഒരേ പോലെ നാട് നീളെ എല്ലാ കൈയെഴുത്തുപ്രതികളിലും ഈ നാല് പേരുകൾ എഴുതിച്ചേർക്കപ്പെട്ടുവെങ്കിൽ അതൊരു അത്ഭുതം തന്നെ ആയിരിക്കും. ആദ്യം മുതലേ മത്തായി, മർക്കോസ്, ലൂക്കാ,യോഹന്നാൻ എന്നിവർ എഴുതിയ സുവിശേഷങ്ങളാണ് ഓരോന്നെന്ന് എഴുത്തുപ്രതികളുടെ തലക്കെട്ടുകളിൽ തന്നെ വ്യക്തമാക്കിയിരുന്നു എന്നതാണ് തെളിവുകളുടെ ഏറ്റവും ലളിതമായ വ്യാഖ്യാനം.


കാരണം 3: വിശ്വാസ്യത നൽകാനെങ്കിൽ എന്തിന് മർക്കോസും ലൂക്കായും?

സുവിശേഷങ്ങൾക്ക് ആധികാരികത നൽകാനാണ് തലക്കെട്ടുകൾ ചേർത്തതെങ്കിൽ, അവയിൽ രണ്ടെണ്ണം ദൃസ്സാക്ഷികളല്ല എഴുതിയത് എന്ന് പറയേണ്ട കാര്യമെന്താണ്? നമുക്കറിയാവുന്നിടത്തോളം, മർക്കോസ് യേശുവിന്റെ ശുശ്രൂഷയ്ക്ക് സാക്ഷ്യം വഹിച്ചിട്ടില്ല. അപ്പോസ്തലനായിരുന്നില്ല. അവൻ ബർണബാസിന്റെ ബന്ധുവും പത്രോസിന്റെയും പൗലോസിന്റെയും സഹയാത്രികനായിരുന്നു. അതുപോലെ, ലൂക്കാ പൗലോസിന്റെ ഒരു വിജാതീയ സഞ്ചാര സഹയാത്രികനായിരുന്നു, യേശുവിന്റെ ഭൗമിക ശുശ്രൂഷയുടെ ദൃക്‌സാക്ഷിയായിരുന്നില്ല. ഈ ഗ്രന്ഥങ്ങൾക്ക് "ആധികാരികത നൽകാൻ" സഭ ആഗ്രഹിരിച്ചിരുന്നെങ്കിൽ, ഈ രണ്ട് സുവിശേഷങ്ങൾ മർക്കോസും ലൂക്കായും എഴുതി എന്ന് പറയേണ്ട കാര്യമില്ല. ആദിമ സഭ സുവിശേഷങ്ങൾക്ക് പത്രോസിന്റെയോ യാക്കോബിൻറെയോ പൗലോസിന്റെയോ അന്ത്രയോസിന്റെയോ പേരുകൾ നൽകിയാൽ പോരായിരുന്നോ? വാസ്തവത്തിൽ, പിന്നീടുള്ള എല്ലാ വ്യാജ സുവിശേഷങ്ങളും ഇങ്ങനെയാണ് ചെയ്തിരുന്നത്. അവരെല്ലാം അവരുടെ കൃതികൾ ദൃക്‌സാക്ഷികളായ തോമാസ്, പത്രോസ്, യൂദാസ്, മേരി മഗ്ദലന മുതലായവർ എഴുതിയെന്ന് അവകാശപ്പെടുന്നു. ഈ പേരുകൾ പുസ്തകങ്ങൾക്ക് കൂടുതൽ ആധികാരികത നൽകാനുള്ള ശ്രമമായിരുന്നു. എന്നാൽ നാല് കാനോനിക സുവിശേഷങ്ങളുടെ കാര്യത്തിൽ അങ്ങനല്ല നമ്മൾ കാണുന്നത്. ചുരുക്കാം പറഞ്ഞാൽ, ആ സുവിശേഷങ്ങളുടെ യഥാർഥ രചയിതാക്കൾ മർക്കോസും ലൂക്കായും അല്ലായിരുന്നെങ്കിൽ അവ അവർ എഴുതിയെന്ന് പറയാൻ യാതൊരു പ്രചോദനവും ആദിമ സഭയ്ക്ക് ഉണ്ടായിരുന്നില്ല. അവ സത്യത്തിൽ എഴുതിയവർ തന്നെ ആയിരിക്കണം അവർ.


കാരണം 4: ആദിമ ക്രൈസ്‌തവ സാക്ഷ്യങ്ങളുടെ യോജിപ്പ്

കാർത്തേജിലെ ടെർടൂലിയൻ (TERTULLIAN OF CARTHAGE

(CA. 160–225; Against Marcion 4.2.1–2):

പുറത്തുനിന്നുള്ള പീഡനത്തിനെതിരെയും ഉള്ളിൽ നിന്നുള്ള മതവിരുദ്ധതയ്‌ക്കെതിരെയും ക്രിസ്തുമതത്തെ പ്രതിരോധിക്കാൻ വിപുലമായി എഴുതിയ, ലത്തീൻ ദൈവശാസ്ത്രത്തിന്റെ പിതാവായി സഭാചരിത്രത്തിൽ അറിയപ്പെടുന്ന ടെർത്തുല്യൻ ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു:


“സുവിശേഷത്തിന്റെ രേഖകളിൽ അവയുടെ രചയിതാക്കളായി അപ്പോസ്തലന്മാർ ഉണ്ടെന്നും സുവിശേഷം പ്രചരിപ്പിക്കാനുള്ള ഈ ദൗത്യം കർത്താവ് തന്നെ അവരുടെമേൽ ചുമത്തിയതാണെന്നും ഞാൻ ആദ്യമേ വ്യക്തമാക്കട്ടെ . . . . ചുരുക്കത്തിൽ, അപ്പോസ്തലന്മാരിൽ നിന്ന്, യോഹന്നാനും മത്തായിയും നമ്മിൽ വിശ്വാസം നട്ടുപിടിപ്പിക്കുന്നു, അതേസമയം അപ്പസ്തോലിക വ്യക്തികളിൽനിന്ന് ലൂക്കായും മർക്കോസും അത് വീണ്ടും സ്ഥിരീകരിക്കുന്നു.”


അലക്സാണ്ട്രിയയിലെ ക്ലെമെന്റ് (CLEMENT OF ALEXANDRIA)

CA. 150–215; ADUMBRATIONES IN EPISTOLAS CANONICAS ON 1 PETER 5:13):

യേശുവിൻറെ അപ്പസ്തോലന്മാർ അറിഞ്ഞിരുന്ന ആദിമ ക്രൈസ്തവ നേതാക്കന്മാരുടെ ശിഷ്യനും തത്വചിന്തകനുമായ അലക്സാൻഡ്രിയയിലേ ക്ലമന്റ് ഇങ്ങനെ എഴുതി:


"പത്രോസ് റോമിൽ പരസ്യമായി സുവിശേഷം പ്രസംഗിക്കുകയും ക്രിസ്തുവിനെക്കുറിച്ച് ധാരാളം സാക്ഷ്യങ്ങൾ പറയുകയും ചെയ്യുമ്പോൾ, സീസറിന്റെ ചില പടയാളികളുടെ സാന്നിധ്യത്തിൽ പത്രോസിന്റെ അനുയായിയായ മർക്കോസ്, ആ പറഞ്ഞ കാര്യങ്ങളുടെ ഒരു രേഖ തങ്ങൾക്ക് നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. ലൂക്കാ അപ്പസ്തോലന്മാരുടെ പ്രവൃത്തികൾ എഴുതിയ പോലെ, ഹെബ്രായർക്കുള്ള പൗലോസിന്റെ കത്തിന്റെ വിവർത്തകനായും അംഗീകരിക്കപ്പെട്ടതുപോലെ, പത്രോസ് പറഞ്ഞ കാര്യങ്ങളിൽ നിന്നാണ് മർക്കോസിന്റെ സുവിശേഷം എന്ന് വിളിക്കപ്പെടുന്ന സുവിശേഷം എഴുതപ്പെട്ടത്.”



ലിയോണിലെ ഇറനെയസ് (IRENAEUS OF LYONS)

(CA. 130–200; AGAINST HERESIES 3.1.1–2; CF. EUSEBIUS, ECCLESIASTICAL HISTORY5.8.1–4):

ഫ്രാൻസിലെ ബിഷപ്പായിരുന്നു ഐറേനിയസ്, അപ്പോസ്തലനായ യോഹന്നാൻറെ ശിഷ്യനായിരുന്ന പോളികാർപ്പിന്റെ വിദ്യാർത്ഥിയായിരുന്നു. (Against Heresies, 3.3.3)

അദ്ദേഹം ഇങ്ങനെ എഴുതി:


“അതിനാൽ, പത്രോസും പൗലോസും റോമിൽ സുവിശേഷം പ്രസംഗിക്കുകയും സഭ സ്ഥാപിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ മത്തായി യഹൂദന്മാർക്കിടയിൽ അവരുടെ സ്വന്തം ശൈലിയിൽ ഒരു ലിഖിത സുവിശേഷം കൊണ്ടുവന്നു. എന്നാൽ അവരുടെ മരണശേഷം പത്രോസിന്റെ ശിഷ്യനും ലേഖകനുമായ മർക്കോസ് പത്രോസ് പ്രഖ്യാപിച്ച കാര്യങ്ങൾ രേഖാമൂലം ഞങ്ങൾക്ക് കൈമാറി. പൗലോസിന്റെ അനുയായിയായ ലൂക്കാ, അവൻ പ്രഖ്യാപിച്ച സുവിശേഷം ഒരു പുസ്തകത്തിൽ അവതരിപ്പിച്ചു. പിന്നീട്, കർത്താവിന്റെ ശിഷ്യനും അവന്റെ നെഞ്ചിൽ ചാരി നിന്നവനുമായ യോഹന്നാൻ ഏഷ്യയിലെ എഫേസൂസിൽ വസിച്ചിരുന്നപ്പോൾ ഒരു സുവിശേഷവും പുറപ്പെടുവിച്ചു.”


ദൃക്‌സാക്ഷിയും സുവിശേഷ രചയിതാവായ യോഹന്നാനുമായുള്ള ബന്ധപ്പെട്ട ലിയോണിലെ ഇറനെയസിൻറെ സാക്ഷ്യത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് മനസിലാകുമല്ലോ.


ഹൈറാപോളിസിലെ പാപ്പിയസ് (PAPIAS OF HIERAPOLIS)

(CA. 125 AD, RECORDED IN EUSEBIUS 3.39)

നമ്മുടെ ഏറ്റവും നേരത്തേയുള്ളതും അപ്പസ്തോലന്മാരുടെ ഏറ്റവും നേരിട്ട് ബന്ധമുള്ളതുമായ സാക്ഷ്യം യോഹന്നാൻറെ ശിഷ്യനായ, ഹൈറാപോളിസിലെ മെത്രാനായ പാപ്പിയസിൻറെതാണ്:


“അതിനാൽ മത്തായി ഹെബ്രായ ഭാഷയിൽ അരുളപ്പാടുകൾ എഴുതി, ഓരോരുത്തനും അവനവൻറെ കഴിവനുസരിച്ച് വ്യാഖ്യാനിച്ചു.”


“പത്രോസിന്റെ വ്യാഖ്യാതാവായിത്തീർന്ന മർക്കോസ്, ക്രിസ്തു പറഞ്ഞതോ ചെയ്തതോ ആയ കാര്യങ്ങളെ കുറിച്ച് ഓർത്തിരിക്കുന്നതെല്ലാം ക്രമത്തിലല്ലെങ്കിലും കൃത്യമായി എഴുതി. എന്തെന്നാൽ, അവൻ കർത്താവിനെ കേൾക്കുകയോ അവനെ അനുഗമിക്കുകയോ ചെയ്തിട്ടില്ല, എന്നാൽ പിന്നീട്, ഞാൻ പറഞ്ഞതുപോലെ, അവൻ പത്രോസിനെ അനുഗമിച്ചു, അവൻ തൻറെ പഠിപ്പിക്കലുകൾ തൻറെ ശ്രോതാക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് പൊരുത്തപ്പെടുത്തി, എന്നാൽ കർത്താവിന്റെ പ്രഭാഷണങ്ങളെക്കുറിച്ച് ഒരു ക്രമീകൃത വിവരണം നൽകാൻ ഉദ്ദേശമില്ലാതെ, അങ്ങനെ മർക്കോസ് അവൻ ചില കാര്യങ്ങൾ ഓർത്തുവെച്ച് എഴുതിയതിൽ തെറ്റില്ല. എന്തെന്നാൽ, താൻ കേട്ട കാര്യങ്ങളിൽ ഒന്നും വിട്ടുകളയാതിരിക്കാനും അവയിൽ ഒന്നും വ്യാജമായി പറയാതിരിക്കാനും അവൻ ശ്രദ്ധാലുവായിരുന്നു.”



മത്തായി, മർക്കോസ്, ലൂക്കാ യോഹന്നാൻ എന്നിവർ തന്നെയാണ് ഈ നാല് സുവിശേഷങ്ങൾ എഴുതിയതെന്ന് ആദിമ ക്രൈസ്തവ നേതാക്കൾ ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. ആദിമ സഭയിൽ ഈ സാക്ഷ്യങ്ങൾക്ക് വിരുദ്ധമായ മറ്റ് സാക്ഷ്യങ്ങളൊന്നുമില്ല എന്നുള്ളതും, ക്രിസ്തുമതം അതിവേഗം പടർന്നതിന്റെ ഫലമായി ഈ സാക്ഷ്യങ്ങൾ റോമാസാമ്രാജ്യത്തിൻറെ നാല് കോണുകളിൽ നിന്നാണ് വരുന്നതെന്നുള്ള വസ്തുതയും ഈ തെളിവുകളെ കൂടുതൽ ശക്തമാകുന്നു.



ഉപസംഹാരം:

ക്രിസ്തുമത വിമർശകർ ഉയർത്തുന്ന അജ്ഞാത സുവിശേഷ സിദ്ധാന്തം തെളിവുകളുമായി പൊരുത്തപ്പെടുത്തി നോക്കുമ്പോൾ വൻ പരാജയമാണ്. നമ്മുടെ എല്ലാ തെളിവുകളും ചൂണ്ടിക്കാണിക്കുന്നത്പോലെ യേശുവിൻറെ ശിഷ്യന്മാരായ മത്തായി, യോഹന്നാൻ, പത്രോസിൻറെ സഹചാരിയായ മർക്കോസ്, പൗലോസിൻറെ സഹചാരിയായ ലൂക്കാ എന്നിവരാണ് സുവിശേഷങ്ങൾ എഴുതിയതെങ്കിൽ, അവ ആധികാരികമായവയാണ്. അവ ചരിത്രപരമായി സത്യമാണെന്ന് അസന്നിഗ്ദ്ധമായി ഇതുകൊണ്ട് മാത്രം തെളിയുന്നിലെങ്കിലും സത്യാവസ്ഥ എന്താണെന്ന് അറിയാൻ സാധ്യതയുള്ളവരാണ് അവ എഴുതിയിരിക്കുന്നതെന്ന് വ്യക്തമാണ്. സംഭവങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത ആരൊക്കെയോ നൂറ്റാണ്ടുകൾക്ക് ശേഷം എഴുതിയവയാണ് സുവിശേഷങ്ങൾ എന്നുള്ള മിഥ്യാവാദങ്ങളെയാണ് ഈ തെളിവുകൾ പൊളിച്ചടുക്കുന്നത്.


Further reading:

Pitre, B. J., & Barron, R. (2016). The case for Jesus: The biblical and historical evidence for Christ.




Comments


Subscribe Form

Thanks for submitting!

©2023 by The Christian Yukthivadi. 

bottom of page