ദൈവം ഉണ്ടെന്നുള്ളതിന് സത്യത്തിൽ തെളിവൊന്നുമില്ലേ? നോക്കേണ്ടിടത്ത് നോക്കാം.
- Christian Yukthivadi
- May 6, 2023
- 5 min read

Is there really no evidence for God?
Introduction
ഈശ്വരവാദം, നിരീശ്വരവാദം, അജ്ഞേയവാദം എന്നിവയിൽ ഒന്നിൽ വിശ്വസിക്കുന്നു എന്ന് പറയുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മുമ്പത്തെ ലേഖനത്തിൽ വിവരിച്ചിരുന്നു. നിങ്ങൾ ഒരു വാദം ഉന്നയിക്കുകയാണെങ്കിൽ, അത് പോസിറ്റീവ് ആയാലും നെഗറ്റീവായാലും നിങ്ങൾക്ക് അതിന് ഒരു ന്യായീകരണം (Justification) ഉണ്ടായിരിക്കണം. നിങ്ങളൊരു എവിഡൻഷ്യലിസ്റ്റ് ആണെങ്കിൽ, നിങ്ങൾ ഒരു ഈശ്വരവാദിയോ നിരീശ്വരവാദിയോ ആകട്ടെ, നിങ്ങളുടെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിന് "തെളിവ്" (evidence) ആവശ്യമാണെന്നാണ് ഇതിനർത്ഥം. ഇരുപക്ഷത്തിനും തെളിവില്ലെങ്കിലോ അല്ലെങ്കിൽ ഇരുവശത്തേ തെളിവുകൾ തുല്യാവസ്ഥയിലാണെങ്കിൽ, ഒരു അജ്ഞേയവാദിയാകുന്നതാണ് കൂടുതൽ യുക്തിസഹം.

എന്നാൽ പൊതുവേ ഇന്റർനെറ്റിലൊക്കെ നിരീശ്വരവാദികൾക്കിടയിൽ നിങ്ങൾ കേൾക്കുന്ന ഒരു പൊതു മുദ്രാവാക്യം ദൈവം ഉണ്ടെന്നുള്ളതിന് തെളിവൊന്നും ഇല്ല എന്നാണ്. ഏതൊരു കാര്യത്തെയും പറ്റി നമുക്ക് ഇങ്ങനെ പറയാം. ഭൂമി ഉരുണ്ടതാണെന്ന് ഉള്ളതിന് തെളിവില്ലെന്ന് വേണമെങ്കിൽ ഒരാൾക്കു വാദിക്കാം. പരിണാമം സംഭവിച്ചതിന് തെളിവില്ലെന്നും പറയുന്നവരുണ്ട്. എന്നാൽ ഈ പറഞ്ഞ കാര്യങ്ങൾ സത്യമാണെങ്കിൽ എന്ത് തെളിവാണ് നമ്മൾ പ്രതീക്ഷിക്കേണ്ടത്? ഈ തെളിവ് കണ്ടെത്താൻ കഴിയുമോ? തെളിവില്ല തെളിവില്ല എന്ന് കൂടെ കൂടെ പറയുന്നവർ ചിന്തിക്കേണ്ട ചോദ്യങ്ങൾ ആണിവ. ദൈവം ഉണ്ടെന്നുള്ളതിന് തെളിവില്ല എന്ന് വാദിക്കുന്ന നിരീശ്വരവാദികൾ മിക്കവാറും ഒന്നെങ്കിൽ തെളിവ് എന്നത്കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അവർ മനസ്സിലാക്കുന്നില്ല അല്ലെങ്കിൽ എന്തൊക്കെ തെളിവായി കണക്കാക്കാം എന്നതിനെ സംബന്ധിച്ച് യുക്തിരഹിതമായ മാനദണ്ഡം മുന്നോട്ട് വയ്ക്കുന്നു. നിരീശ്വരവാദം വെടിഞ്ഞ് ദൈവം ഉണ്ടെന്ന് വിശ്വസിക്കാൻ തക്ക ശക്തിയുള്ള തെളിവുകളില്ല എന്ന് പറയുന്നതും തെളിവേ ഇല്ല എന്ന് പറയുന്നതും വ്യത്യസ്തമാണ് എന്ന് ഓർക്കണം.

ഇവിടെ ഈ ലേഖനത്തിൽ, എന്താണ് തെളിവ് എന്ന് നമ്മൾ മനസിലാക്കും, അതിന് ശേഷം ദൈവം ഉണ്ടെങ്കിൽ നമ്മൾ എന്ത് തെളിവാണ് പ്രതീക്ഷിക്കേണ്ടത് എന്ന് നോക്കാം, എന്നിട്ട് ഇത്തരം തെളിവ് എന്തെങ്കിലും നമ്മുടെ പക്കലുണ്ടോ എന്ന് പരിശോധിക്കാം.
എന്താണ് ‘തെളിവ്’ (evidence)?

തികച്ചും നേരിട്ടുള്ള രീതിയിൽ നാം മനസ്സിലാക്കുന്ന ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, 2+2=4 എന്നത് പോലുള്ള ലളിതമായ ഗണിത സത്യങ്ങൾ പരിഗണിക്കുക. അത്തരം സത്യങ്ങൾ 'സ്വയം-വ്യക്തമാണ്'; ഇവ യുക്തിപരമായി വിശ്വസിക്കുന്നതിന് അവ മനസ്സിലാക്കിയാൽ മാത്രം മതി. ഓരോ വാദത്തിന്റെയും സത്യാവസ്ഥ മനസിലാക്കാൻ ഇത്പോലെ എളുപ്പമായിരുനെങ്കിൽ, ഒരുപക്ഷേ നമുക്ക് തെളിവുകൾ ആവശ്യം വരില്ല. എന്നാൽ, തെളിവുകളുടെ ഒരു കേന്ദ്ര ധർമ്മം എന്നത് ഈ തെളിവിൻറെ അഭാവത്തിൽ പ്രസ്തുത കാര്യം വിശ്വസിക്കുന്നത് യുക്തിപരമല്ല എന്ന് വ്യക്തമാക്കുക എന്നുള്ളതാണ്. ലോകത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചു കൃത്യമായ ഒരു ചിത്രത്തിലെത്താനുള്ള നമ്മുടെ ശ്രമങ്ങളിൽ തെളിവുകൾ ഒരു മധ്യസ്ഥ പങ്ക് വഹിക്കുന്നു.
വിശ്വാസത്തെ (belief) ന്യായീകരിക്കുന്ന (justify) ഒന്നാണ് ‘തെളിവ്’ (evidence). വിശ്വാസം അഥവാ belief എന്നത് മതപരമായ വിശ്വാസങ്ങൾ മാത്രമല്ല. എല്ലാവിധ കാര്യങ്ങളെയുംകുറിച്ചുള്ള നമ്മുടെ വിശ്വാസങ്ങൾ ഉൾപെടും. ഭൂമി ഉരുണ്ടതാണെന്നുള്ള നമ്മുടെ വിശ്വാസം യുക്തിപരമാകുന്നത് അത് വിശ്വസിക്കാനുള്ള തെളിവ് നമുക്കുള്ളപ്പോളാണ്. ഒരു കാര്യത്തിനുള്ള തെളിവ് അത് വിശ്വസിക്കാൻ നമുക്ക് കാരണം നൽകുന്നു.

തെളിവ് എങ്ങനെ മനസിലാക്കണം എന്നുള്ളത് കുറച്ചുകൂടെ വ്യക്തമാക്കാൻ ഒരു കുറ്റാന്വേഷണ ഉദാഹരണം നോക്കാം.
ഒരു അസ്വാഭാവികമായ മരണം ഉണ്ടാകുമ്പോൾ കുറ്റാന്വേഷകൻ പല സാധ്യതകളും പരിശോധിക്കും. അപകട മരണമാണോ(H1), എന്തെങ്കിലും അസുഖം മൂലമാണോ(H2), അതോ ആരെങ്കിലും കൊലപ്പെടുത്തിയതാണോ(H3). ഈ സാധ്യതകളെ നമ്മൾ hypotheses എന്ന് വിളിക്കുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പല തെളിവുകൾ ഓരോ hypothesisനെയും അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നത് പല അളവിലായിരിക്കും. ഉദാഹരണത്തിന്, മരിച്ച വ്യക്തിയോട് ആർക്കെങ്കിലും പക ഉള്ളതായി നമുക്ക് വിവരം ഉണ്ടെങ്കിൽ (E1), ഇതിന് മുൻപ് അദ്ദേഹത്തിന് നേരെ കൊലപാതക ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നമുക്ക് വിവരം ലഭിച്ചാൽ (E2) ഇപ്പോഴത്തെ സംഭവം കൊലപാതകം ആകാനുള്ള സാധ്യത വർധിക്കുന്നു.
അതായത് E1, E2 എന്ന data H3 സത്യമാകാനുള്ള സാധ്യത (probability) വർധിക്കുന്നു, അതിനാൽ E1, E2, H3ക്കുള്ള തെളിവാണ്. എന്തെങ്കിലും ഒരു data ഒരു hypothesis സത്യമാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെങ്കിൽ ആ data ആ hypothesisന് തെളിവാണ് എന്ന് നമുക്ക് പറയാം. ഇപ്പൊ നമ്മൾ കൊലപാതകവും അപകടവും തമ്മിൽ വേർതിരിക്കാൻ പറ്റുന്ന തെളിവുകളാണ് നമുക്ക് വേണ്ടത്. ആ ഒരു വ്യക്തി രക്തം നഷ്ടപ്പെട്ടാണ് മരിച്ചത് എന്നുള്ളത് കൊലപാതകമോ അപകടമോ സംഭവിച്ചതിന് തെളിവാണ്. എന്നാൽ, അവ തമ്മിൽ വേർതിരിക്കാൻ നമ്മളെ കാര്യമായി സഹായിക്കുന്നില്ല. എന്നാൽ അദ്ദേഹം കാൽ തട്ടി വീഴാൻ സാധ്യത ഉണ്ടെന്നുള്ളതിന് തെളിവുണ്ടെങ്കിൽ (തറയിൽ എണ്ണയുണ്ടെങ്കിൽ) അല്ലെങ്കിൽ രക്തം പുരണ്ട ഒരു കത്തി പുറത്തു എവിടെയെങ്കിലും ഉപേക്ഷിക്കപ്പെട്ട് കണ്ടുപിടിച്ചാൽ അത് ഓരോ hypothesis നെ വ്യത്യസ്തമായി അനുകൂലിക്കുന്നു. എന്താണ് തെളിവ് എന്ന് ഇതിൽനിന്ന് മനസ്സിലായിക്കാണുമല്ലോ. ദൈവം ഉണ്ടോ എന്നുള്ളതിന് തെളിവുണ്ടോ എന്ന ചോദ്യത്തിൻറെ ഉത്തരം കണ്ടെത്താൻ ഒരു പ്രധാന ചവിട്ടുപടി ആണ് ഈ അറിവ്.
ഈശ്വരവാദവും നിരീശ്വരവാദവും എന്ത്? അവ തമ്മിലുള്ള വ്യത്യാസം എന്ത്?

Hypotheses തമ്മിൽ വേർതിരിക്കാൻ സഹായകരമായ തെളിവുകളാണ് ഏതൊരു അന്വേഷണത്തിലും പരിഗണിക്കേണ്ടത് എന്ന് നമ്മൾ മനസിലാക്കി. എന്തൊക്കെ തെളിവുകളാണ് ദൈവം ഉണ്ടെന്നുള്ളതിനെ അനുകൂലിക്കുന്നത്, എന്തൊക്കെ തെളിവുകളാണ് അതിനെ പ്രതികൂലിക്കുന്നത്? ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ള ചർച്ചയിലെ ഏറ്റവും വല്യ തെറ്റിദ്ധാരണ എന്താണെന്ന് വെച്ചാൽ, ദൈവം പ്രപഞ്ചവുമായി യാതൊരു ബന്ധവുമില്ലാത്ത എന്തോ ഒരു നിഗൂഢമായ അസ്തിത്വം ആണെന്നാണ്. പൂർണമായും മനസിലാക്കാൻ പറ്റുന്ന ഒന്നല്ല ദൈവം പക്ഷെ പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിക്കുകയും അതിനെ പരിപാലിക്കുകയും ചെയ്യുന്ന സർവശക്തനും, സർവ്വജ്ഞാനിയും, സർവ്വനന്മസ്വരൂപിയും ആയ ഒരു വ്യക്തി എന്ന നിലയിലാണ് ദൈവ വിശ്വാസികൾ ഒക്കെ തന്നെയും ദൈവത്തെ കാണുന്നത്. അങ്ങനെയെങ്കിൽ, പ്രപഞ്ചത്തിൻറെ ഓരോ വിശേഷഗുണങ്ങൾ പരിശോധിച്ച് നോക്കിയാൽ ദൈവത്തിലേക്ക് വിരൽ ചൂണ്ടുന്ന പല തെളിവുകളും ലഭിച്ചേക്കാം. നേരത്തെ കണ്ട ഉദാഹരണവുമായി ചേർത്ത് വായിക്കുമ്പോൾ ഇത് കുറച്ചൂടെ വ്യക്തമാകും. മരണം നടന്ന സ്ഥലം പരിശോധിച്ചാണ് മരണകാരണം അപകടമാണോ കൊലപാതകമാണോ എന്നുള്ളതിന് തെളിവ് ശേഖരിക്കുന്നത്. എന്തെങ്കിലും ഉദ്ദേശത്തോട് കൂടി പ്രവർത്തിച്ച ഒരു കൊലപാതകിയുടെ പങ്ക് ഈ സംഭവത്തിൽ ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്നുള്ളതാണ് കൊലപാതകവും അപകടവും തമ്മിലുള്ള പ്രധാന വ്യത്യാസം. ഇത് തന്നെയാണ് ഈശ്വരവാദവും നിരീശ്വരവാദവും തമ്മിലുള്ള വ്യത്യാസം. പ്രപഞ്ചത്തിൻറെ ഉല്പത്തിയും അതിൽ ഉൾത്തിരിഞ്ഞു വന്നിരിക്കുന്ന വിശേഷഗുണങ്ങൾ(features) വ്യക്തമായ ഉദ്ദേശത്തോട് കൂടി പ്രവർത്തിക്കുന്ന ഒരു വ്യക്തിയുടെ പങ്ക് ചൂണ്ടിക്കാണിക്കുന്നതാണോ അതോ പ്രത്യേകിച്ച് യാതൊരു കാരണവും ഇല്ലാതെ അബദ്ധത്തിന് സംഭവിച്ച കാര്യങ്ങളാണോ എന്ന് പരിശോധിക്കുന്നത് വഴി ദൈവം ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് മനസിലാക്കാം.
അതിനാൽ ദൈവം ഉണ്ട്, ദൈവം ഇല്ല എന്ന വാക്യങ്ങളെ പ്രപഞ്ചത്തിൻറെ മുഴുവൻ വിശദീകരണം എന്ന നിലയിൽ ആണ് നമ്മൾ മനസിലാക്കേണ്ടത്.
അപ്പോൾ നമ്മുടെ വിഷയത്തിൽ നമ്മുടെ hypotheses എന്തൊക്കെയാണ്?
ഈശ്വരവാദം:
പ്രപഞ്ചവും അതിലുള്ളവയും സർവശക്തിയുള്ള ഒരു വ്യക്തിയുടെ (ദൈവം) മനഃപ്പൂർവ്വമായ പ്രവൃത്തികൾ വഴി ഉണ്ടായതാണ്.
നിരീശ്വരവാദം:
പ്രപഞ്ചവും അതിൽ ഉൾതിരിഞ്ഞു വന്നിരിക്കുന്ന സകലതും നിർജീവമായ വസ്തുക്കളുടെയും പ്രകൃതി നിയമങ്ങളുടെയും പരസ്പരപ്രവർത്തനം (interplay) വഴി ആകസ്മികമായി ഉണ്ടായവയാണ്.
ഈ നിർവ്വചനങ്ങളിൽ നിന്നാണ് നമ്മൾ നമ്മുടെ അന്വേഷണം ആരംഭിക്കുന്നത്. ഈശ്വരവാദിയോ നിരീശ്വരവാദിയോ ഈ നിർവ്വചനങ്ങളെ എതിർക്കുമെന്ന് ഞാൻ കരുതുന്നില്ല. ദൈവം ഉണ്ട് എന്ന് ഞാൻ ഇനി പറയുന്നിടത്തൊക്കെ ഞാൻ ഉദ്ദേശിക്കുന്നത് ഈശ്വരവാദം എന്ന hypothesis സത്യമാണെന്നും, ദൈവം ഇല്ലെന്ന് ഞാൻ പറയുമ്പോൾ ഞാൻ ഉദ്ദേശിക്കുന്നത് നിരീശ്വരവാദം എന്ന hypothesis സത്യമാണ് എന്നുമാണ്.
ഈശ്വരവാദം എന്ന hypothesis വിവരിച്ചപ്പോൾ ഞാൻ ദൈവത്തെ സർവ്വശക്തനായ വ്യക്തി എന്നാണ് വിശേഷിപ്പിച്ചത്. ദൈവത്തിൻറെ മറ്റ് സവിശേഷതകൾ ഒന്നും ഞാൻ പറഞ്ഞില്ല. ഇതിൻറെ കാരണം ദൈവത്തിൻറെ മറ്റ് സവിശേഷതകളൊക്കെ തന്നെ സർവ്വശക്തി എന്ന സവിശേഷതയിൽ നിന്ന് അനുമാനിക്കാവുന്നതാണ്.
ഒരു വ്യക്തി സർവ്വശക്തനാണെങ്കിൽ (omnipotent), യുക്തിപരമായി സാധ്യമായ (logically possible) എന്തും ചെയ്യാനുള്ള കഴിവുണ്ട്. എല്ലാ കാര്യങ്ങളെക്കുറിച്ചും പൂർണ്ണമായ അറിവും അവബോധവും ഇതിൽ ഉൾപ്പെടുന്നു. എന്തെങ്കിലും അറിവ് നിലവിലുണ്ടെങ്കിൽ, സർവ്വശക്തനായ ഒരു വ്യക്തിക്ക് തൻറെ സർവ്വശക്തി മുഖേന അത് അറിയാൻ സാധിക്കും. അതിനാൽ, സർവശക്തി എന്ന സവിശേഷതയിൽ തന്നെ സർവ്വജ്ഞാനം (omniscience) ഉൾക്കൊണ്ടിരിക്കുന്നു. ഇതേപോലെ നന്മ തിന്മകളെക്കുറിച്ചുള്ള അറിവും സർവ്വജ്ഞനായ ഒരു വ്യക്തിക്ക് ഉണ്ടാവും. സർവ്വശക്തിയുള്ള ഒരു വ്യക്തിക്ക് മറ്റ് യുക്തിരഹിതമായ സ്വാധീനങ്ങൾ (irrational desires) ഇല്ലാത്തതിനാൽ എപ്പോഴും നന്മ മാത്രം പ്രവർത്തിക്കും. അതുകൊണ്ട് ദൈവം തികച്ചും നല്ലവനാണ് (omnibenevolent, all-good). ദൈവത്തെക്കുറിച്ച് പറയപ്പെടുന്ന മറ്റ് സദ്ഗുണങ്ങളൊക്കെയും ഈ രീതിയിൽ നമുക്ക് അനുമാനിക്കാവുന്നതാണ്.
ദൈവം ഉണ്ടെങ്കിൽ/ഇല്ലെങ്കിൽ എന്ത് തെളിവാണ് നമ്മൾ പ്രതീക്ഷിക്കേണ്ടത്?

സർവശക്തൻ എന്ന നിലയിൽ എന്തും ചെയ്യാൻ കഴിവുള്ള ദൈവം പക്ഷെ ശരിക്കും എന്തൊക്കെയാണ് ചെയ്യാൻ സാധ്യതയുള്ളത്? ദൈവത്തിൻറെ പ്രവർത്തികളെ പ്രചോദിപ്പിക്കുന്നത് എന്താണെന്ന് അറിയാതെ ദൈവം ഉണ്ടെങ്കിൽ എന്ത് തരം തെളിവാണ് നമ്മൾ പ്രതീക്ഷിക്കേണ്ടത് എന്ന് നമുക്ക് മനസിലാക്കാൻ പറ്റില്ല. ഇവിടെയാണ് നമ്മൾ തിരിച്ച് ദൈവത്തിൻറെ നിർവചനത്തിലെ മറ്റ് വിശേഷണങ്ങളിലേക്ക് പോകേണ്ടത്. സർവ്വജ്ഞൻ (all-knowing/ omniscient) എന്ന നിലയിൽ ഏതു സാഹചര്യത്തിലും ഏറ്റവും ഉചിതമായ പ്രവൃത്തി എന്താണെന്ന് ദൈവത്തിന് അറിയാൻ സാധിക്കും. തികച്ചും നല്ലവൻ ആയിരിക്കുന്നത് കൊണ്ട് ഏറ്റവും നല്ല (മികച്ച), ഉചിതമായ പ്രവൃത്തി എല്ലാ സാഹചര്യങ്ങളിലും ദൈവം ചെയ്യും. ദൈവം സൃഷ്ടിക്കുന്ന ഒരു ലോകം ഏറ്റവും നല്ല, ഉചിതമായ പ്രവൃത്തികളുടെ ഫലമായി ഒത്തിരി അധികം മൂല്യമുള്ള (value) ഒരു പ്രപഞ്ചം ആയിരിക്കണം, കാരണം അധികം മൂല്യമുള്ള പ്രപഞ്ചം അതില്ലാത്ത ഒരു പ്രപഞ്ചത്തേക്കാൾ നല്ലതാണ്. നിരീശ്വരവാദം സത്യമാണെങ്കിൽ, ശരി, തെറ്റ്, നല്ലത്, ചീത്ത, നന്മ, തിന്മ എന്നീ തരം മൂല്യ നിർണയങ്ങളോട് പ്രത്യേകിച്ച് യാതൊരു മമതയുമില്ലാത്ത നിർജീവമായ വസ്തുക്കളും പ്രകൃതിനിയമങ്ങളും വഴിയാണ് പ്രപഞ്ചവും അതിലുള്ളവയും ഉണ്ടാവുന്നത്. അതിനാൽ അങ്ങനൊരു ലോകത്തിൽ മൂല്യമുള്ള എന്തെങ്കിലും ഉണ്ടാവുന്നത് അബദ്ധവശാൽ മാത്രമായിരിക്കും. അതുകൊണ്ട് ഈ പ്രപഞ്ചത്തിൽ മൂല്യമുള്ള എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ അത് ഈശ്വരവാദത്തിന് തെളിവാണ്. പ്രപഞ്ചനത്തിൻറെ മൂല്യത്തിന് ക്ഷതം വരുത്തുന്ന എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ അത് നിരീശ്വരവാദത്തിന് തെളിവും. ഈശ്വരവാദത്തെയും നിരീശ്വരവാദത്തെയും തമ്മിൽ വേർതിരിക്കാൻ സാഹായിക്കുന്ന തരം തെളിവുകളാണ് ഇവ.
ഈ പ്രപഞ്ചം യാതൊരു മൂല്യവുമില്ലാത്ത ഒന്നാണോ അതോ ഒത്തിരി മൂല്യമുള്ള കാര്യങ്ങൾ കൊണ്ട് നിറഞ്ഞ ഒന്നാണോ? ഇനി മൂല്യമുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ പ്രകൃതി നിയമങ്ങൾ കൊണ്ട് മാത്രം അവയെ നമുക്ക് വ്യാഖ്യാനിക്കാൻ സാധിക്കുമോ?
ദൈവം ഉണ്ടോ എന്നുള്ളതിനുള്ള തെളിവ്

ഈ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും അമൂല്യമായ ഒരു പ്രത്യേകത ഭൂമിയിൽ ജീവൻറെ സാന്നിധ്യമാണ്. Big bangൻറെ സ്ഫോടനശക്തി, ഗുരുത്വാകർഷണം, Electromagnetc ശക്തികൾ, strong, weak nuclear ശക്തികൾ എന്നിവ വളരെ നേരിയതായിട്ടെങ്കിലും മാറുകയോ മറ്റോ ചെയ്‌താൽ, ജീവൻ തന്നെ അസാധ്യമായേനെ.[1] അങ്ങനെ വരുമ്പോൾ ധാർമ്മിക ജീവികളായ മനുഷ്യരും ഉണ്ടാവുകയില്ല. നിരീശ്വരവാദം സത്യമാണെങ്കിൽ മേൽപ്പറഞ്ഞ പ്രപഞ്ചത്തിൻറെ പല അടിസ്ഥാന വ്യവസ്ഥകളും ഇന്ന് ആയിരിക്കുന്ന രീതിയിൽ ആകാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ ഈശ്വരവാദം സത്യമാണെങ്കിൽ ഈ രീതിയിൽ ജീവൻ ഉണ്ടാകാനുള്ള സാധ്യത വളരെ ഉയർന്നതാണ്, കാരണം വളരെയധികം മൂല്യമുള്ള ഈ രീതിയിലുള്ള വ്യക്തികളെ സൃഷ്ടിക്കാൻ ദൈവത്തിന് കാരണമുണ്ട്. അതിനാൽ ഇത് ഈശ്വരവാദത്തിന് ശക്തമായ തെളിവാണ്.
ഇതേപോലെ വളരെ അധികം മൂല്യമുള്ള ചില വസ്തുതകളാണ് ഏകീകൃത പ്രകൃതി നിയമങ്ങൾ, പ്രപഞ്ചത്തിൻറെ അതിമനോഹാരിത, മനുഷ്യരിലുടനീളമുള്ള ധാർമ്മിക അറിവ്, സ്വതന്ത്ര ഇച്ഛ പ്രകാരം പ്രവർത്തിക്കാനുള്ള കഴിവ്, ചരിത്രത്തിലുടനീളമുള്ള മനുഷ്യരുടെ വ്യാപകമായ ദൈവവിശ്വാസം എന്നിവ.
നമ്മുടെ hypotheses ഒന്നൂടെ വായിച്ച നോക്കാം എന്നിട്ട് അവയുമായി ഈ വസ്തുതകൾ ഒത്തു നോക്കാം:
H1 - ഈശ്വരവാദം: പ്രപഞ്ചവും അതിലുള്ളവയും സർവശക്തിയുള്ള ഒരു വ്യക്തിയുടെ (ദൈവം) മനഃപ്പൂർവ്വമായ പ്രവൃത്തികൾ വഴി ഉണ്ടായതാണ്.
H2 - നിരീശ്വരവാദം: പ്രപഞ്ചവും അതിൽ ഉൾതിരിഞ്ഞു വന്നിരിക്കുന്ന സകലതും നിർജീവമായ വസ്തുക്കളുടെയും പ്രകൃതി നിയമങ്ങളുടെയും പരസ്പരപ്രവർത്തനം (interplay) വഴി ആകസ്മികമായി ഉണ്ടായവയാണ്.
മേൽപ്പറഞ്ഞ വസ്തുതകൾ H1 എന്ന hypothesis സത്യമാകാനുള്ള സാധ്യത വർധിപ്പിക്കുന്നു, കാരണം, മൂല്യമുള്ള കാര്യങ്ങൾ അവ ഉണ്ടാക്കാൻ പ്രചോദനമുള്ള ഒരു വ്യക്തിയുടെ മനപ്പൂർവ്വമായ പ്രവർത്തിയെ ചൂണ്ടിക്കാണിക്കുന്നു. അതായത് ഇവ ദൈവം ഉണ്ടെന്നുള്ളതിന് തെളിവാണ്.
ഇതിനെ പ്രതിരോധിക്കാൻ ഇവയൊന്നും മൂല്യമുള്ള കാര്യങ്ങളെയല്ല എന്ന് നിരീശ്വരവാദി വാദിക്കേണ്ടി വരും അല്ലെങ്കിൽ എങ്ങനൊക്കെയോ നിരീശ്വരവാദത്തിന് ഇതൊക്കെ ഈശ്വരവാദം പോലെ നന്നായി വിശദീകരിക്കാൻ സാധിക്കും എന്ന് വാദിക്കണം. ക്രമമുള്ള ഒരു പ്രപഞ്ചവും, അതിലെ ജീവനും, മനോഹാരിതയും, ധാർമ്മികതയും ഒക്കെ മൂല്യം ഇല്ലാത്തവയാണെന്ന് വാദിക്കുന്നത് വളരെ radical ആയ ഒരു വാദം ആയിരിക്കും. അതിലും ഭേദം നിരീശ്വരവാദം തള്ളിപ്പറയുന്നതാവും. ഇനി നിരീശ്വരവാദം കൊണ്ട് തന്നെ ഇവയൊക്കെ വിശദീകരിക്കാൻ പറ്റുമെന്ന് പറഞ്ഞാൽ തന്നെയും അത് വളരെ ബുദ്ധിമുട്ടായിരിക്കും എന്ന് മാത്രമല്ല ഈശ്വരവാദത്തിന് തെളിവില്ല എന്ന് ഏതായാലും പറയാൻ പറ്റില്ല. അത്കൊണ്ട് തെളിവില്ല തെളിവില്ല എന്ന മുദ്രാവാക്യം മാറ്റിവെച്ച് യഥാർത്ഥ തെളിവുകളെക്കുറിച്ച് യുക്തിപരമായി ചർച്ചചെയ്യാൻ നിരീശ്വരവാദികൾ തയ്യാറാകാത്തിടത്തോളം യുക്തിവാദി എന്നൊന്നും സ്വയം വിളിക്കാതിരിക്കുന്നതാണ് നല്ലത്. ഇന്നിവിടെ ഈശ്വരവാദത്തിനുള്ള തെളിവുകൾ ഞാൻ പേരെടുത്തു പറയുക മാത്രമേ ചെയ്തിട്ടുള്ളു. ഇനി വരുന്ന ലേഖനങ്ങളിൽ കൂടുതൽ വിവരണത്തോടുകൂടെ അവ പരിശോധിക്കാം.
#ExistenceOfGod, #GodEvidence, #Theism, #PhilosophyOfReligion, #TheisticArguments, #FaithAndReason, #CosmologicalArgument, #TeleologicalArgument, #MoralArgument, #ReligiousPhilosophy, #GodDebate, #SeekingTruth
[1] For an overview, see Martin Rees, Just Six Numbers: The Deep Forces that Shape the Universe (New York: Basic Books, 2000)


Comments